11:33pm 07 July 2026
NEWS
സിയാൽ എയർപോർട്ടിലേക്ക് വാട്ടർ മെട്രോ സർവ്വീസ് സാധ്യതാപഠനത്തിന് എസ്‌സിഎംഎസ് വാട്ടർ ഇൻസ്റ്റിറ്റ്യൂട്ടുമായി ധാരണാപത്രം
07/07/2026  07:32 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സിയാൽ എയർപോർട്ടിലേക്ക് വാട്ടർ മെട്രോ സർവ്വീസ് സാധ്യതാപഠനത്തിന് എസ്‌സിഎംഎസ് വാട്ടർ ഇൻസ്റ്റിറ്റ്യൂട്ടുമായി ധാരണാപത്രം

കേരളത്തിലെ സുസ്ഥിര നഗരഗതാഗത ശൃംഖല കൂടുതൽ വിപുലപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പായി, ആലുവ മെട്രോ സ്റ്റേഷനിൽ നിന്ന് പെരിയാർ നദിയിലൂടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ) വരെ വാട്ടർ മെട്രോ സർവീസ് വിപുലീകരിക്കുന്നതിനുള്ള സാധ്യതാപഠനത്തിൽ സഹകരിക്കുന്നതിന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എസ്‌സിഎംഎസ് വാട്ടർ ഇൻസ്റ്റിറ്റ്യൂട്ടുമായി ധാരണാപത്രം ഒപ്പുവെച്ചു.

എസ്‌സിഎംഎസ് ഗ്രൂപ്പ് ഓഫ് എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ എക്സിക്യൂട്ടീവ് ചെയർമാൻ പ്രൊഫ. പ്രമോദ് തേവന്നൂരും കെഎംആർഎൽ ജനറൽ മാനേജർ (സിവിൽ) ജോ പോൾ എം.യും ധാരണാപത്രത്തിൽ ഒപ്പുവെയ്ക്കുകയും തുടർന്ന് കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബെഹ്റയുടെ സാന്നിധ്യത്തിൽ ധാരണാപത്രം കൈമാറുകയും ചെയ്തു.

സംയോജിതവും കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമായ ബഹുമുഖ ഗതാഗത സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായാണ് ആലുവ മെട്രോ സ്റ്റേഷനെയും സിയാലിനെയും ബന്ധിപ്പിക്കുന്ന വാട്ടർ മെട്രോ സർവീസിനായുള്ള സമഗ്ര സാധ്യതാപഠനം ആരംഭിക്കുന്നത്. യാത്രക്കാർക്ക് തടസ്സരഹിതമായ ജലഗതാഗത സംവിധാനം ഒരുക്കുന്നതിനൊപ്പം, മേഖലകളെ കൂടുതൽ ഫലപ്രദമായി ബന്ധിപ്പിക്കുന്ന നൂതന എൻജിനീയറിങ് പരിഹാരവും ഈ പദ്ധതി ലക്ഷ്യമിടുന്നു. കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാൻ ശേഷിയുള്ള സുസ്ഥിര നഗരഗതാഗത മാതൃകകളിൽ ആഗോളതലത്തിൽ കൊച്ചിയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഈ പദ്ധതി സഹായകമാകും.

ധാരണാപത്രപ്രകാരം, സാധ്യതാപഠനത്തിന്റെ നോളജ് പാർട്ണർ ആയി എസ്‌സിഎംഎസ് വാട്ടർ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുകയും അക്കാദമിക, സാങ്കേതിക, ഗവേഷണ മേഖലകളിൽ ആവശ്യമായ പിന്തുണ നൽകും. ഫ്ളഡ് പ്ലെയ്ൻ  പഠനങ്ങൾ, ഹൈഡ്രോളിക്, ഹൈഡ്രോളജിക്കൽ വിലയിരുത്തലുകൾ, ജലവിഭവ മോഡലിംഗ്, ജലവുമായി ബന്ധപ്പെട്ട പ്രത്യേക സാങ്കേതിക പഠനങ്ങൾ എന്നിവ ഉൾപ്പെടെ നിർദിഷ്ട പാതയുടെ സാങ്കേതിക പ്രായോഗികത വിലയിരുത്താൻ ആവശ്യമായ വിവിധ ശാസ്ത്രീയ പഠനങ്ങളിൽ എസ്‌സിഎംഎസ് വാട്ടർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തും.

കെഎംആർഎൽ നിയോഗിക്കുന്ന സർവേ സംഘങ്ങൾക്ക് സർവേ ആസൂത്രണം, വിവരശേഖരണ രീതികൾ, സാമ്പിളിംഗ് സാങ്കേതികവിദ്യകൾ, ഫീൽഡ് പ്രോട്ടോക്കോളുകൾ, ഗുണനിലവാര ഉറപ്പാക്കൽ നടപടികൾ തുടങ്ങിയ മേഖലകളിലും ഇൻസ്റ്റിറ്റ്യൂട്ട് സാങ്കേതിക മാർഗനിർദേശം നൽകും. കെഎംആർഎല്ലിന്റെ അനുമതിക്കും പദ്ധതിയുടെ ആവശ്യങ്ങൾക്കും വിധേയമായി ഹൈഡ്രോളജിക്കൽ മോഡലിംഗ്, ജലപ്രവാഹ വിശകലനം, പ്രളയപ്രതിരോധ പഠനങ്ങൾ, സുസ്ഥിരതാ വിലയിരുത്തലുകൾ, സർവേ വിവരങ്ങളുടെ വിശകലനം, സാങ്കേതിക റിപ്പോർട്ടുകളും രേഖകളും തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിലും എസ്‌സിഎംഎസ് വാട്ടർ ഇൻസ്റ്റിറ്റ്യൂട്ട് സഹകരിക്കുമെന്ന് പ്രമോദ് തേവന്നൂർ വ്യക്താക്കി.

ഈ സഹകരണം നിർദിഷ്ട വാട്ടർ മെട്രോ വിപുലീകരണ പദ്ധതിക്ക് ശക്തമായ ശാസ്ത്രീയ അടിത്തറ ഒരുക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥാ പ്രതിരോധ ശേഷിക്കും മുൻഗണന നൽകുന്ന പദ്ധതിനിർവഹണത്തിന് വഴിയൊരുക്കും. സംയോജിത പൊതുഗതാഗത മേഖലയിലെ കെഎംആർഎല്ലിന്റെ അനുഭവസമ്പത്തും എസ്‌സിഎംഎസ് വാട്ടർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണ-സാങ്കേതിക വൈദഗ്ധ്യവും ഒന്നിച്ചുചേരുന്നതിലൂടെ, നൂതനവും സുസ്ഥിരവും ഭാവിയെ മുന്നിൽ കണ്ടുള്ളതുമായ ഗതാഗത സംവിധാനങ്ങൾ വികസിപ്പിക്കുന്ന കേരളത്തിന്റെ ശ്രമങ്ങൾക്ക് ഈ സംരംഭം കൂടുതൽ കരുത്തേകും എന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു.

സിയാലിലേക്കുള്ള നിർദിഷ്ട വാട്ടർ മെട്രോ സർവീസ് നിലവിലെ മെട്രോ റെയിൽ ശൃംഖലയെയും ഉൾനാടൻ ജലപാതകളെയും സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തെയും കൂടുതൽ ഫലപ്രദമായി ബന്ധിപ്പിക്കാൻ സഹായിക്കും. ഇതുവഴി യാത്രക്കാർക്ക് പരിസ്ഥിതി സൗഹൃദവും വ്യത്യസ്തവുമായ കാര്യക്ഷമമായ യാത്രാ സൗകര്യം ലഭ്യമാകുന്നതോടൊപ്പം, സംയോജിത നഗരഗതാഗതത്തിന്റെ മാതൃകാ നഗരമെന്ന നിലയിൽ കൊച്ചിയുടെ വികസന കാഴ്ചപ്പാടിനും ഈ പദ്ധതി കൂടുതൽ ശക്തിപകരും

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img